ഇളംകാറ്റിലെവിടെയോ തേങ്ങാക്കുലകളാടുന്നു o0'

20 May 2016

കല്‍ത്തൂണുകള്‍

വഴിയമ്പലത്തിലെ രണ്ട്  കല്‍ത്തൂണുകള്‍ നമ്മള്‍
                                   ഒട്ടുദൂരമേ തമ്മിലുള്ളുവെന്നാകിലും ഒന്നു പുണരുവാന്‍ കഴിയാത്തവര്‍ 
ആയിരം പ്രണയകഥകളഅ‍ നമുക്കിടയില്‍ നടമാടി..
         കൊതിതീരാക്കണ്ണിനാല്‍ നാമവ സ്വന്തമാക്കി..!

ഒരുചെറു പിണക്കത്തില്‍ മനസ്സുകല്ലാക്കി നാമിരുവരും 
                                       മൗനം സ്വീകരിച്ചപ്പോള്‍..
ഒരുവാക്കിന്റെ ദൂരത്തു നാമിരുവരും രണ്ട്  കല്‍ത്തൂണുകളായ് മാറി..!

പഴക്കം ചെന്ന വഴിയമ്പലത്തിലെ മറുകോണുകളിലുണ്ടായിരുന്നൊരാ 
                                   കല്‍പ്രതിമകള്‍ പോലും 
എന്നോ വീശിയ കാറ്റിനു സ്വയം തകര്‍ന്ന് വീണൊരുമിച്ചു മണ്‍മറഞ്ഞിട്ടും..
കാലമിത്രയും ഒരു ചെറുവാക്കിന്റ ദൂരത്ത് 
         ഒരേ നില്‍പ്പുതന്നെയാണ് നാം...
 കാതമിത്രയും താണ്ടി കാലചക്രം നടന്നുനീങ്ങുമ്പോള്‍
വറ്റിത്തകര്‍ന്നോരു പുഴയുടെ ഇരുകരകള്‍
സ്വന്തം സുഹൃത്തിന്റെ കരങ്ങള്‍ ഗ്രഹിച്ചു..
                                                       എന്നിട്ടും നാമിരുവരും............. 

പെയ്തൊഴിഞ്ഞ മഴകളും നിരന്നുപോയ മലകളും സാക്ഷി....

നമ്മുടെ മൗനം  വിങ്ങലുകളോടെ
ഇടമുറയില്ലാതെ................... കാലമിത്രയും......

ഞാന്‍ നിനക്കായ് കരുതിയ മോഹങ്ങളത്രയും
                           പായല്‍ പിടിച്ചുപോയ്...
ഞാന്‍ നിനക്കായ് കരുതിയ പൂക്കളത്രയും
                            കാലം കൊണ്ടുപോയ്..

ഉണങ്ങിയ വള്ളിച്ചെടികളുടെ മനസ്സിലെ ഏതോ കോണില്‍
അവ നമുക്കായ് സൂക്ഷിച്ചുവെച്ച വസന്തത്തിന്റെ 
                                            വിരഹഗാനം....

നമുക്കിനിയും  കാലം കൊഴിഞ്ഞു പോകുന്നതും നോക്കി-
സൂര്യനും താമരയും കലഹിക്കുന്നതും കണ്ട്-
ഓളവും തീരവും പ്രണയത്തിലലിയുന്നതും കണ്ട്
ഈ വഴിയമ്പലത്തില്‍ തന്നെയിരിക്കാം........
ഇനിവരും തലമുറയുടെ ഹൃദയത്തിനു വിശ്രമം നല്‍കാം...

ഒരിക്കലും തളരാതെ, കണ്ണീര്‍ വാര്‍ക്കാതെ 
കാരണം നാം  
രണ്ട്  കല്‍ത്തൂണുകള്‍