ഇളംകാറ്റിലെവിടെയോ തേങ്ങാക്കുലകളാടുന്നു o0'

1 Apr 2016

ഇരുളും സൂര്യകാന്തിപ്പൂക്കളും

സന്ധ്യയെ പ്രണയിച്ചുതുടങ്ങിയത്എന്നാണെന്നറിയില്ല....

അമ്മ ദിവസവും നെറ്റിയില്‍ ചാര്‍ത്താറുള്ള

കുങ്കുമവര്‍ണമായിരുന്നു സന്ധ്യക്ക്

സൂര്യനെ ഞാന്‍ അഗാധമായ് സ്നേഹിച്ചിരുന്നു -ഒരു സൂര്യകാന്തിയെപ്പോലെ

എങ്കിലും സൂര്യകാന്തി തലതാഴ്തത്തി

സൂര്യന്റെ വിരഹം സ്വീകരിക്കുമ്പോഴും

ഞാന്‍ ആകാശത്ത് കണ്ണുംനട്ടിരുന്നു

സന്ധ്യയെ കാണാന്‍.... അവളുടെ കവിളത്തുവിരിയുന്ന

നക്ഷത്രപ്പൂക്കളെ കാണാന്‍

അവളുടെ കണ്ണില്‍ തെളിയുന്ന നിലാവില്‍ കുളിക്കാന്‍

ഒന്നും മിണ്ടാതെ നിശ്ശബ്തതയില്‍ മയങ്ങാന്‍...

സന്ധ്യയെ ഞാന്‍ സ്നേഹിച്ചു-

എന്നാല്‍ കറുത്തവാവുകള്‍ എന്നെ കണ്ണുരുട്ടിപേടിപ്പിച്ചു...

“സൂര്യകാന്തിയാണ്- രാത്രിയില്‍ പുറത്തിറങ്ങരുത്

ദോഷം നിനക്കുമാത്രം ..”

ഞാനീ പ്രപഞ്ചത്തില്‍ ‍നിന്നടര്‍ന്നുപോകുമ്പോഴും

എനിക്കായ് മെഴുകുതിരികളുണ്ടായിരുന്നു .

കാരണം അവര്‍ക്കറിയാം ഇരുളില്‍ ‍ ഞാന്‍ സുരക്ഷിതയല്ലെന്ന്...

ഞാന്‍ മാത്രമല്ല എന്റെ കൂട്ടുകാരികളും

എന്റെ പ്രണയത്തെ ആ ഇരുട്ട് തച്ചുടച്ചു.

എന്റെ ഉള്ളിലുള്ളതെല്ലാം ഇരുട്ട് എടുത്ത് പുറത്തിട്ടു...

-'കുമ്പസാരത്തില്‍ മനം തുറന്നപോലെ '..

കൊഴിഞ്ഞ പൂവിനവര്‍ പേരുകള്‍ നല്‍കി

ജ്യോതി, നിര്‍ഭയ ...... അങ്ങനെ എന്തൊക്കെയോ-

പൂവുകള്‍ കൊഴിയാതിരിക്കാന്‍ അവര്‍ പോരാടി..

ഇന്തയുടെ മകളായ് ഞാന്‍ മാറി

എന്നാല്‍ ഇരുട്ട്.... എനിക്കായ് കത്തിച്ച ഓരോ

മെഴുതിരിയും ഒന്നൊന്നായി കെടുത്തി,

ഇരുട്ട് പൂവുകള്‍ തല്ലിക്കൊഴിക്കുന്നു......

ഞങ്ങള്‍...... ആ കൊഴിഞ്ഞ പൂവുകള്‍

പാതയോരത്ത് കിടന്ന് സന്ധ്യയെ സ്വപ്നം കാണുന്നു .........